
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. 10, 12 ക്ലാസ്സുകളിലെ പ്രധാന പരീക്ഷകളാണ് സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ അടിയന്തര നടപടിയെന്ന് സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി.
നിലവിലെ സംഘർഷാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബോർഡ് അറിയിച്ചു. വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച വീണ്ടും ഉന്നതതല യോഗം ചേരും. ഇതിന് ശേഷമായിരിക്കും പുതുക്കിയ തീയതികളും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച അന്തിമമായ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുക.