പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ


രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർധന ഇന്ന് പ്രാബല്യത്തിൽ വന്നു. ദില്ലിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം. ചെന്നൈയിലാകട്ടെ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയിൽ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില.

അതേസമയം കൊൽക്കത്തയിൽ വില 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയിൽ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 1642.50 രൂപയായി. ഡിസംബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില നേരിയ തോതിൽ കുറച്ചിരുന്നു. ദില്ലിയിലും കൊൽക്കത്തയിലും 10 രൂപ കുറച്ചപ്പോൾ, മുംബൈയിലും ചെന്നൈയിലും 11 രൂപ കുറച്ചു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വില വർധന വിലക്കയറ്റത്തിന് കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയാണ്.

Previous Post Next Post