ന്യൂയോർക്ക് : അമേരിക്കൻ
ഐക്യനാടുകളുടെ പകുതിയിലധികം ഭാഗങ്ങളെ നിശ്ചലമാക്കി 'ഫേൺ' എന്ന് പേരിട്ടിരിക്കുന്ന ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നു. ഏകദേശം 23 കോടി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ പ്രകൃതിക്ഷോഭത്തിൽ ഇതിനോടകം തന്നെ 17ഓളം സംസ്‌ഥാനങ്ങളിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.
കിലോമീറ്ററുകളോളം നീളുന്ന മഞ്ഞുപാളികളും ജീവന് ഭീഷണിയായേക്കാവുന്ന അതിശൈത്യവുമാണ് രാജ്യം നേരിടുന്നതെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു. തെക്കൻ സംസ്ഥാനങ്ങളായ ടെക്സസ്, ലൂസിയാന തുടങ്ങിയ ഇടങ്ങളിൽ കനത്ത ഐസ് മഴ വൈദ്യുതി വിതരണത്തെ താറുമാറാക്കി.
വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് രാജ്യത്തുടനീളം 6,000ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. റോഡ് ഗതാഗതം ദുസ്സഹമായതോടെ പല പ്രധാന ഹൈവേകളും അടച്ചുപൂട്ടിയിരിക്കുകയാണ്. വെർജീനിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ കർശനമാക്കി
വടക്കുകിഴക്കൻ മേഖലകളിൽ മഞ്ഞുവീഴ്‌ച റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്. വാഷിങ്‌ടൻ ഡി.സി, ന്യൂയോർക്ക്, ബോസ്റ്റൺ എന്നിവിടങ്ങളിൽ ഒരു അടിയിലധികം മഞ്ഞുവീഴ്ച്‌ച ഉണ്ടാകുമെന്നാണ് പ്രവചനം. മിനിയപ്പലിസ്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ തണുപ്പ് -21 ഡിഗ്രി ഫാരൻഹീറ്റിലും താഴേക്ക് പതിച്ചു. പുറത്തിറങ്ങുന്നവർക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ ഫ്രോസ്റ്റ്ബൈറ്റ് ഏൽക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് സിറ്റി അധികൃതർ നിർദ്ദേശിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നാഷണൽ ഗാർഡിനെ വിവിധ സംസ്ഥാനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകളിൽ ഭക്ഷണസാധനങ്ങൾക്കായി ജനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. വരും ദിവസങ്ങളിലും തണുപ്പ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.