20 ദിവസത്തെ അവധി കഴിഞ്ഞ് നാട്ടിൽ പോകാനിരുന്ന പ്രവാസിയെ കാണാനില്ല, പരാതിയുമായി ബന്ധുക്കൾ


അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. എടത്വ കോയിൽമുക്ക് പുത്തൻപറമ്പിൽ ജോസഫ് വർഗീസി (ജോൺസൺ– 60) നെയാണ് കാണാതായത്. ബന്ധുക്കൾ എടത്വ പൊലീസിൽ പരാതി നൽകി. 20 ദിവസത്തെ അവധിക്ക് കഴിഞ്ഞ ഡിസംബർ 17നാണ് ജോൺസൺ നാട്ടിലെത്തിയത്. ആറാം തീയതി മടങ്ങിപ്പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ജനുവരി ഒന്നിന് വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് ഇദ്ദേഹം വീടുവിട്ടിറങ്ങി. മുൻപും സമാനമായ രീതിയിൽ വീടുവിട്ടിറങ്ങുകയും തിരികെ വരികയും ചെയ്തിരുന്നതിനാൽ വീട്ടുകാർ കാത്തിരുന്നു. എന്നാൽ മടങ്ങിവരാത്തതിനെ തുടർന്ന് മൂന്നാം തീയതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാകുമ്പോൾ കൈയിലുണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫാണ്. എറണാകുളത്തുനിന്ന് മംഗലാപുരം വഴി വിദേശത്തേക്ക് പോകാനായിരുന്നു എയർ ഇന്ത്യയിൽ ടിക്കറ്റ് എടുത്തിരുന്നത്. ആറാം തീയതി ഇദ്ദേഹം യാത്ര ചെയ്തിട്ടില്ലെന്ന് വിമാനത്താവളങ്ങളിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ആറു മാസം മുൻപ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ജോൺസൺ ശസ്ത്രക്രിയ നടത്തിയിരുന്നു.

أحدث أقدم