ആടിയുലഞ്ഞ തെങ്ങിന് മുകളിൽ പ്രാണഭയത്തോടെ തൊഴിലാളി കഴിഞ്ഞത് 2 മണിക്കൂർ; അവസാനം ഫയർഫോഴ്‌സ് രക്ഷകരായി


ഗുരുവായൂര്‍ കോട്ടപ്പടിയില്‍ 2 മണിക്കൂറോളം തെങ്ങിന് മുകളില്‍ കുടുങ്ങി കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. തെങ്ങ് കയറ്റ തൊഴിലാളി പിള്ളക്കാട് പറത്തില്‍ വീട്ടില്‍ രവി (59) ആണ്  തെങ്ങിന് മുകളില്‍ കുടുങ്ങിയത്. ചാത്തന്‍കാട് നിഹാരിക നഗറില്‍ കാഞ്ഞങ്ങാട്ട് വിപിന്‍ കുമാറിന്റെ വീട്ടുവളപ്പിലാണ് സംഭവം. ഉയരമുള്ള തെങ്ങിൽ രാവിലെ പത്തോടെ കയറിയ രവി ഇറങ്ങാനാകാതെ കുടുങ്ങിപ്പോവുകയായിരുന്നു.

തേങ്ങയിടാനായി യന്ത്രം ഉപയോഗിച്ചാണ് രവി തെങ്ങിന് മുകളില്‍ കയറിയത്. ശക്തമായ കാറ്റില്‍ തെങ്ങ് ആടിയുലഞ്ഞു. പിന്നാലെ യന്ത്രം തെങ്ങില്‍ കുടുങ്ങി. ഏറെ ശ്രമിച്ചിട്ടും യന്ത്രം ശരിയാക്കാൻ രവിക്ക് സാധിച്ചില്ല. ഇറങ്ങാന്‍ കഴിയാതെ വന്നതോടെ പ്രാണ ഭയത്തോടെ രവി നിലവിളിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പിന്നീട് തെങ്ങ് കയറ്റ തൊഴിലാളികളായ കോറോട്ട് നിതിന്‍, അപ്പുറത്ത് അനീഷ് എന്നിവരെ വിളിച്ചുവരുത്തി. നിതിന്‍ തെങ്ങിൻ്റെ മുകളില്‍ കയറി രവിയെ കയര്‍ ഉപയോഗിച്ച് തെങ്ങില്‍ ബന്ധിപ്പിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി 12 മണിയോടെയാണ് രവിയെ താഴെയിറക്കിയത്. തളര്‍ന്ന് അവശനായ രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

أحدث أقدم