
കേന്ദ്രമന്ത്രിയുടെ 31 കാരനായ മകന്റെ കാൽ തൊട്ടു വണങ്ങി മുതിർന്ന ബിജെപി നേതാവ്. ബിജെപി എം.എൽ.എയും 73കാരനുമായ ദേവേന്ദ്ര കുമാർ ജെയ്ൻ ആണ് യൂണിയൻ മിനിസ്റ്ററും ബിജെപി എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ മകൻ മഹാര്യമാൻ സിന്ധ്യയുടെ കാൽതൊട്ടു വണങ്ങിയത്. മധ്യപ്രദേശിലെ ശിവപുരിയിൽ ഒരു സ്കൂളിലെ 69-ാം നാഷണൽ ഗെയിംസ് ചടങ്ങിനിടെയാണ് സംഭവം. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും രാഷ്ട്രീയമായും വൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
തിങ്കളാഴ്ച ശിവപൂർ ഡിസ്ട്രിക്റ്റ് സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ദേവേന്ദ്ര കുമാറിൻറെ ജന്മദിനം കൂടിയായിരുന്നു സംഭവം നടന്ന ദിവസം. പിറന്നാൾ കേക്ക് മുറിച്ചതിനു ശേഷം 73കാരനായ ദേവേന്ദ്ര മഹാര്യമാൻ സിന്ധ്യയുടെ കാൽ തൊട്ട് വണങ്ങുകയായിരുന്നു. പ്രായത്തിൽ ഇളയവരുടെ കാൽ തൊടാൻ പാടില്ലെന്ന് ഭരണഘടനയിലെവിടെയും എഴുതിയിട്ടില്ലല്ലോ എന്നാണ് ദേവേന്ദ്ര വിവാദങ്ങൾക്ക് വിശദീകരണമായി പറഞ്ഞത്. വിവാദവുമായി ബന്ധപ്പെട്ട് മഹാര്യമാൻ സിന്ധ്യയോ ബിജെപി നേതൃത്വമോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.