ഇറാനിൽ കത്തിപ്പടർന്ന് ആഭ്യന്തര കലാപം; 45 മരണം; ട്രംപിനെ പ്രീതിപ്പെടുത്താനെന്ന് ഖമനേയി


രാജ്യത്തെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്കെതിരായ പ്രക്ഷോഭം ഇറാനിൽ കൂടുതൽ ശക്തമാകുന്നു. രാജ്യത്തെ അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന ജനങ്ങളാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തെ ശക്തമായി അടിച്ചമർത്താനുള്ള ഭരണകൂടത്തിൻ്റെ നീക്കത്തിൽ ഇതുവരെ 45 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം വ്യാപിച്ചതോടെ ഇറാനിൽ ഇന്റർനെറ്റ് റദ്ദാക്കിക്കൊണ്ട് പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാൻ ഉത്തരവിട്ടു.

സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കിയാണ് തെരുവുകൾ ജനക്കൂട്ടം കയ്യടക്കിയത്. ഏകാധിപത്യം തുലയട്ടെ, ഇസ്ലാമിക് റിപ്പബ്ലിക് തുലയട്ടെയെന്നും പ്രക്ഷോഭകാരികൾ മുദ്രാവാക്യം മുഴക്കുന്നുണ്ട്. പ്രക്ഷോഭത്തെ ശക്തമായി നേരിടുമെന്നാണ് രാജ്യത്തെ നീതിപീഠങ്ങളും പോലീസടക്കമുള്ള സംവിധാനങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. 1979 ലെ ഇസ്ലാമിക് റവല്യൂഷനെ തുടർന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്ത മുൻ രാജാവിൻ്റെ മകൻ പ്രിൻസ് റേസാ പഹ്‌ലവിയുടെ അനുയായികളും സമര രംഗത്തുണ്ട്.

أحدث أقدم