മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്: ആർട്ടെമിസ് ദൗത്യത്തിലെ രണ്ടാം വിക്ഷേപണം ഫെബ്രുവരിയിൽ


മനുഷ്യരെ ചന്ദ്രനിൽ വീണ്ടും എത്തിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രഖ്യാപിച്ച ആർട്ടെമിസ് ദൗത്യത്തിലെ രണ്ടാം വിക്ഷേപണം ഫെബ്രുവരിയിൽ നടന്നേക്കും. ആർട്ടെമിസ് ദൗത്യത്തിലെ മനുഷ്യരെ വഹിച്ചുള്ള ആദ്യ വിക്ഷേപണമാണ് (ആർട്ടെമിസ് 2) ഇനി നടക്കാനിരിക്കുന്നത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ജെറെമി ഹാൻസെൻ എന്നിവരാണ് പത്ത് ദിവസത്തെ ദൗത്യത്തിൽ പങ്കെടുക്കുക. ഓറിയോൺ പേടകത്തിൽ ചന്ദ്രനെ വലം വെച്ച് മടങ്ങിവരികയാണ് ലക്ഷ്യം. ഓറിയോൺ പേടകത്തിൽ മനുഷ്യരെ വഹിച്ചുള്ള യാത്രയുടെ പരീക്ഷണമാണ് ഈ ദൗത്യം.

ഈ ദൗത്യത്തിൽ നിന്നുള്ള പാഠങ്ങൾ അനുസരിച്ചാവും ചന്ദ്രനിൽ മനുഷ്യരെ ഇറക്കുന്നതിനുള്ള അടുത്ത ദൗത്യങ്ങൾ തയ്യാറാക്കുക. കേവലം പഠനം എന്നലുപരി ആർട്ടെമിസ് ദൗത്യങ്ങൾ അവസാനിക്കുന്നതോടെ ചന്ദ്രനിൽ മനുഷ്യരുടെ സ്ഥിര സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള താവളം സ്ഥാപിക്കുകയെന്ന ലക്ഷ്യം നാസയ്ക്കുണ്ട്.




നാസയുടെ റിപ്പോർട്ട് അനുസരിച്ച് ദൗത്യ സംഘം ഇതിനകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ വെച്ച് നിരവധി തവണ ഡ്രസ് റിഹേഴ്‌സലുകൾ നടത്തിക്കഴിഞ്ഞു. പേടകത്തിന്റെ പരീക്ഷണം കൂടിയായതിനാൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ യാത്രയ്ക്കിടെ പ്രതിസന്ധികൾ നേരിട്ടാൽ ദൗത്യമുപേക്ഷിച്ച് പേടകം തിരികെ ഇറക്കുകയാണ് ചെയ്യുക.

1972 ന് ശേഷം നടക്കുന്ന മനുഷ്യരെ വഹിച്ചുള്ള ആദ്യ ചാന്ദ്രദൗത്യമായിരിക്കും ആർട്ടെമിസ് 2. ആർട്ടെമിസ് 1 വിക്ഷേപണം 2022ലായിരുന്നു. ഓറിയോൺ പേടകത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ആർട്ടെമിസ് 2 ഒരുക്കിയിരിക്കുന്നത്. 5000 കോടി ഡോളറാണ് ചെലവ്. അതി സങ്കീർണമായ ഈ ദൗത്യത്തിന് എസ്എൽഎസ് റോക്കറ്റാണ് വിക്ഷേപണ വാഹനമായി ഉപയോഗിക്കുക. ദൗത്യം വിജയമായാൽ ആർട്ടെമിസ് 3 ദൗത്യത്തിലൂടെ സഞ്ചാരികളെ ചന്ദ്രനിലിറക്കാനുള്ള ദൗത്യത്തിന് വഴിയൊരുങ്ങും.

Previous Post Next Post