
പാനൂർ കല്ലിക്കണ്ടിയിൽ ഒന്നര ലക്ഷം വിലവരുന്ന രണ്ട് പോത്തുകൾ മോഷണം പോയി. കല്ലിക്കണ്ടി സ്വദേശി കെകെ ഷുഹൈബിന്റെ തൊഴുത്തിലായിരുന്നു മോഷണം. പോത്തുകളുമായി കള്ളൻ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പോത്തുടമയുടെ പരാതിയിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
ബുധനാഴ്ച രാത്രി 11.15-ഓടെയാണ് സംഭവം. പാനൂർ കല്ലിക്കണ്ടിയിലെ ഷെഡിലേക്ക് കറുത്ത തുണി കൊണ്ട് മുഖം മൂടിയ കള്ളനെത്തിയാണ് മോഷണം നടത്തിയത്. തൊഴുത്തിൽ കെട്ടിയ വലിയൊരു പോത്തുമായി പുറത്തേക്ക് പോയി. തിരിച്ചെത്തിയ ശേഷം ഒരു പോത്തിനെ കൂടി കൊണ്ടുപോയി. മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.