2022-ലെ പുതുവത്സരദിനം. എന്നാല്‍ ആ സന്തോഷദിവസം ഒരാള്‍ക്ക് മാത്രം സന്തോഷിക്കാനായില്ല ഷെറിന്റെ സഹോദരന്. തനിക് ലഭിച്ച ഒരു വീഡിയോ ക്ലിപ്പില്‍ അവൻ കണ്ട മുഖവും അവൻ കേട്ട ശബ്ദവും തന്റെ പ്രിയ സഹോദരിയുടേതായിരുന്നു. കേരളത്തില്‍ നടക്കുന്ന ‘പങ്കാളികളെ കൈമാറ്റം ചെയ്യല്‍’ (Partner Swapping) എന്ന അതീവ രഹസ്യമായ, എന്നാല്‍ നികൃഷ്ടമായ ഒരു ഇടപാടിനെക്കുറിച്ചായിരുന്നു ആ വീഡിയോ. തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ അവൻ ഈ വിവരം തന്റെ അച്ഛനോട് പറഞ്ഞു. അത് കണ്ട ആ അച്ഛന്റെ ഉള്ളും പിടഞ്ഞു കാരണം അത് തന്റെ മകള്‍ ഷെറിൻ ആയിരുന്നു.വിവാഹം കഴിപ്പിച്ചയച്ച തന്റെ മകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ആ സഹോദരന് സഹോദരിയെ തേടി ഭർത്താവിന്റെ വീട്ടിലേക്ക് എത്തി. അവിടെ ഭർത്താവ് ഷിനോ മാത്യുവിനൊപ്പം കഴിയുന്ന ഷെറിനെ അവൻ തനിച്ചു കണ്ടു. കാര്യം തിരക്കി. ആദ്യം അവള്‍ അത് എതിർത്തെങ്കിലും പിന്നീട് താൻ അനുഭവിക്കുന്ന കഷ്ടതകള്‍ അവള്‍ സഹോദരനോട് തുറന്നു പറഞ്ഞു. “അതെ, ആ വിഡിയോയില്‍ ഉള്ളത് ഞാനാണ്, ഷിനോ എന്നെ നിർബന്ധിക്കുകയാണ്. പല ഗ്രൂപ്പുകളിലും എന്നെ കാഴ്ചവയ്ക്കാൻ അയാള്‍ ശ്രമിക്കുന്നു. ഞാൻ എതിർത്തപ്പോള്‍ ഭീഷണിപ്പെടുത്തി…”ഇത് കേട്ട ആ സഹോദരന് ആകെ തളർന്നു ഒരുപാട് സന്തോഷത്തോടെ തന്റെ സഹോദരിയെ കൈപിടിച്ചേല്‍പ്പിച്ചത് ഒരു ക്രൂരനോപ്പം ആണെന്ന് അവൻ തിരിച്ചറിഞ്ഞ നിമിഷം. അവൻ തരിച്ചിരുന്നുപോയി.
ഒടുവില്‍ പിതാവിന്റെയും സഹോദരന്റെയും പിന്തുണയോടെ 2022 ജനുവരി 8-ന് ഷെറിൻ കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെത്തി. താൻ അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും അവള്‍ തുറന്നു പറഞ്ഞു. അവളുടെ കുറ്റസമ്മതം കേട്ട് പോലീസ് ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയി.
”സാർ, എന്റെ ഭർത്താവ് ഷിനോ മാത്യു ‘കപ്പിള്‍ മീറ്റ്’, ‘മീറ്റപ്പ് കേരള’ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളില്‍ സജീവമാണ്. എന്നെ മറ്റു പലർക്കും കൈമാറാൻ അയാള്‍ നിർബന്ധിക്കുന്നു. എന്നെപ്പോലെ അനേകം സ്ത്രീകള്‍ ഈ വലയിലുണ്ട്…”
പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. ഷെറിൻ പറഞ്ഞത് സത്യമായിരുന്നു. ആയിരക്കണക്കിന് ദമ്പതികള്‍ ഉള്‍പ്പെട്ട വലിയൊരു ശൃംഖലയുടെ ചുരുളുകള്‍ അഴിഞ്ഞു. ഷിനോ മാത്യു എന്ന മനുഷ്യൻ തന്റെ ഭാര്യയെ ഒരു വലിയ ലൈംഗിക മാഫിയയുടെ ഭാഗമാക്കുകയായിരുന്നു. ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി ആയിരക്കണക്കിന് ദമ്പതികള്‍ അംഗങ്ങളായ ഒരു ശൃംഖലയുടെ വിവരങ്ങള്‍ ഷിനോയുടെ അറസ്റ്റോടെ പുറത്തുവന്നു.
ഷിനോ മാത്യുവിന്റെ ലാപ്ടോപ്പും ഫോണും പരിശോധിച്ചപ്പോള്‍ കണ്ടത് സ്വന്തം ഭാര്യയുടെയും, അവള്‍ക്ക് പകരം കിട്ടാൻ പോകുന്ന മറ്റ് സ്ത്രീകളുടെയും ചിത്രങ്ങളായിരുന്നു. അന്വേഷണം സംസ്ഥാനം മുഴുവൻ വ്യാപിച്ചു. ഷിനോ മാത്യു ഉള്‍പ്പെടെ പത്തുപേർ അറസ്റ്റിലായി. കേരളം ഞെട്ടിയ ദിവസങ്ങളായിരുന്നു അത്. കുറച്ചു നാളുകള്‍ക്ക് ശേഷം ഷിനോ മാത്യു ജയില്‍ മോചിതനായി.
തിരികെ വന്നത് പകയോടെയല്ല പശ്ചാത്താപത്തോടെയാണ് വന്നതെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. “എനിക്ക് തെറ്റുപറ്റിപ്പോയി, മക്കള്‍ക്ക് വേണ്ടി നമുക്ക് ഒന്നിച്ച് ജീവിക്കണം” എന്ന് അയാള്‍ അപേക്ഷിച്ചപ്പോള്‍, ആ പിഞ്ചുമക്കളുടെ മുഖം കണ്ട് ഷെറിൻ അയാള്‍ക്ക് ഒരവസരം കൂടി നല്‍കാൻ തീരുമാനിച്ചു. എന്നാല്‍ അത് അവള്‍ സ്വന്തം മരണത്തിന് നല്‍കിയ അവസരമാണെന്ന് അവള്‍ അറിഞ്ഞില്ല.
വീണ്ടും ഒന്നിച്ചു താമസിക്കുന്നതിനിടയിലും ഷിനോ തന്റെ പഴയ ശീലങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല എന്ന് ഷെറിൻ തിരിച്ചറിഞ്ഞു. വീണ്ടും തന്നെ വില്‍ക്കാൻ അയാള്‍ ശ്രമിക്കുന്നതറിഞ്ഞ അവള്‍, മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. അതോടെ ഷിനോയുടെ ഉള്ളിലെ മൃഗം ഉണർന്നു.
തനിക്ക് വഴങ്ങാത്തവള്‍ ഈ ഭൂമിയില്‍ ജീവിക്കേണ്ടതില്ല എന്ന ക്രൂരമായ ചിന്ത അയാളെ ഭ്രാന്തനാക്കി. 2023 മെയ് 19-ന്, വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി അയാള്‍ അവിടെയെത്തി. സ്നേഹത്തോടെ വന്ന് വാതില്‍ തുറന്ന ആ പെണ്ണിനെ അയാള്‍ കൊലപ്പെടുത്തി.
തന്റെ അമ്മ മരിച്ചു കിടക്കുന്നത് കണ്ട് ആ കുഞ്ഞുങ്ങള്‍ നിലവിളിച്ചു. ആ നിലവിളികള്‍ ആ പിതാവിന്റെ ഉള്ളിലെ ക്രൂരതയെ തെല്ലും ശമിപ്പിച്ചില്ല. കണ്മുന്നില്‍ കരിനിഴലായി വന്ന അച്ഛൻ തങ്ങളുടെ തണലായിരുന്ന അമ്മയെ ഇല്ലാതാക്കുന്നത് ആ കുഞ്ഞുങ്ങള്‍ക്ക് നോക്കിനില്‍ക്കേണ്ടി വന്നു. കൃത്യം നടത്തി ഷിനോ അവിടെ നിന്നും കടന്നുകളഞ്ഞു. ഷെറിൻ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.
പോലീസ് തിരച്ചില്‍ ഊർജിതമാക്കിയതോടെ ഷിനോ മാത്യു തന്റെ അന്ത്യവും കുറിച്ചു. ഓണ്‍ലൈനിലൂടെ വരുത്തിയ മാരകമായ വിഷം കഴിച്ച് അയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ, വിചാരണയും ശിക്ഷയും നേരിടാതെ അയാള്‍ ഈ ലോകം വിട്ടുപോയി.
ഷിനോയുടെ മരണം ഒരു കേസിന്റെ അന്ത്യമായിരിക്കാം, പക്ഷേ ആ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതത്തില്‍ അതൊരു വലിയ ശൂന്യതയാണ് അവശേഷിപ്പിച്ചത്. അച്ഛൻ വേട്ടക്കാരനായും അമ്മ ഇരയായും മാറിയ ഈ ദുരന്തകഥ കേരളത്തിന്റെ ചരിത്രത്തിലെ മായാത്ത ഒരു കറുത്ത പാടായി ഇന്നും അവശേഷിക്കുന്നു.