മാവേലിക്കര നഗരമധ്യത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കടകളിലും, അമേരിക്കൻ ജംഗ്ഷൻ മെൻസ് വെയർ ഷോപ്പും കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടിമോഷ്ടാക്കളാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 6നാണ് അമേരിക്കൻ ജംഗ്ഷൻ മെൻസ് വെയർ ഷോപ്പിന്റെ മുൻവശത്തെ ഷട്ടറും, ഗ്ലാസ്സ് ഡോറും പൊട്ടിച്ചു അകത്തു കയറി പണവും, തുണിത്തരങ്ങളും മോഷണം നടത്തിയത്.
ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരുചക്ര വാഹനത്തിൽ എത്തിയ മൂന്ന് പേരാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. ഇവർ മോഷണത്തിനായി ഉപയോഗിച്ച ഇരുചക്ര വാഹനം കേന്ദ്രികരിച്ച് നടത്തിയ അന്വേഷണ ത്തിൽ തിരുവല്ല കുറ്റൂർ ജംഗ്ഷന് സമീപത്ത് നിന്നും ചെങ്ങന്നൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ കഴിഞ്ഞ അഞ്ചാം തീയതി വൈകുന്നേരം മോഷണം പോയതാണെന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടിമോഷ്ടാക്കളെ തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. അമേരിക്കൻ ജംഗ്ഷൻ മെൻസ് വെയർ ഷോപ്പിലും, പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കടകളിലും മോഷണം നടത്തിയത് ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. ബൈക്ക് മോഷണവും ചെറുകിട മോഷണങ്ങളും ഇവർ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്ത്, എസ്.ഐ മധുസൂദനൻ.ജി, എ.എസ്.ഐ പ്രസന്നകുമാരി.എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, രതീഷ്, അരുൺ ഭാസ്ക്കർ, സിവിൽ പോലീസ് ഓഫീസർമാരായ ബോധിൻകൃഷ്ണ, ജിഷ്ണു.ആർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടിമോഷ്ടാക്കളെയും ജുവനൈയിൽ ഹോമിലേക്ക് മാറ്റി.