കോട്ടയം : ഇക്കഴിഞ്ഞ സംസ്ഥാന മലയാളി മാസ്റ്റേഴ്സ് മീറ്റിൽ നെടുങ്കണ്ടം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ മിന്നും പ്രകടനം കാഴ്ചവെച്ച് 60 പ്ലസ് വിഭാഗത്തിൽ 400, 800 മീറ്ററുകളിൽ ഒന്നാം സ്ഥാനവും 200 മീറ്ററിൽ രണ്ടാംസ്ഥാനവും കോട്ടയം മലയാളി മാസ്റ്റേഴ്സ് താരമായ സജി ജോസഫ് കരസ്ഥമാക്കി. രാജ്യ രാജ്യാന്തര മത്സരങ്ങളിൽ നിരവധിതവണ കേരളത്തെയും ഇന്ത്യയും പ്രതിനിധീകരിച്ച് രാജ്യത്തിന് അഭിമാനപാത്രമായ ഈ താരം കോട്ടയം കിഴക്കേ നട്ടാശ്ശേരി സ്വദേശിയാണ്.ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നാഗമ്പടത്ത് പ്രവർത്തിക്കുന്ന വി-ഷെയർ മില്ലെറ്റ്സ് ആൻഡ് സ്പൈസസ് എന്ന സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്നു. ജനുവരി 28, 29, 30 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന നാഷണൽ കായികമേളയിൽ കേരളത്തെ പ്രതിനിധീകരിക്കുവാനുള്ള തയ്യാറെടുപ്പിന്റെ തിരക്കിലാണ് ഇപ്പോൾ സജി ജോസഫ്.