വിചിത്രമായ വാര്‍ത്ത; എസ്‌കോര്‍ട്ട് വേണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടില്ല, മന്ത്രി എം ബി രാജേഷ്


മന്ത്രിയ്ക്ക് എസ്‌കോര്‍ട്ട് വേണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. പ്ലാൻ  ചെയ്ത വിചിത്രമായ വാര്‍ത്തയാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. എക്‌സൈസ് മന്ത്രിയ്ക്ക് എസ്‌കോര്‍ട്ട് വേണമെന്ന വാര്‍ത്ത വ്യാജമാണ്. മൂന്നര വര്‍ഷമായി ഇല്ലാത്ത എസ്‌കോര്‍ട്ട് ഇപ്പോള്‍ എന്തിനാണെന്നും കമ്മീഷണറെ ലക്ഷ്യം വെച്ചാണെങ്കില്‍ എന്തിന് മന്ത്രിയെ വലിച്ചിടണമെന്നും അദ്ദേഹം ചോദിച്ചു.

വാര്‍ത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. അസംബന്ധം വാര്‍ത്ത കാര്‍ഡായി ഇറക്കുകയാണ്. എസ്‌കോര്‍ട്ട് വേണമെന്ന ഉത്തരവ് എവിടെയാണുള്ളത്?. എസ്‌കോര്‍ട്ട് വേണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചിട്ടില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ എക്‌സൈസ് മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്ന് എക്‌സൈസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാര്‍ നിര്‍ദേശം നൽകിയെന്നായിരുന്നു വാർത്ത. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതാത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നായിരുന്നു നിര്‍ദേശമെന്നും വകുപ്പ് മന്ത്രി എം ബി രാജേഷ് പോലുമറിയാതെയാണ് അജിത് കുമാര്‍ ഇത്തരത്തില്‍ ഒരു പരിഷ്‌കരണവുമായി വന്നതെന്നും വാർത്ത വന്നിരുന്നു.

 ഇന്നലെ ചേര്‍ന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയും ജോയിന്റ് കമ്മീഷണര്‍മാരുടെയും യോഗത്തിലായിരുന്നു അജിത് കുമാര്‍ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് വിവരം. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശത്തില്‍ മന്ത്രി എം ബി രാജേഷ് കടുത്ത അതൃപ്തി അറിയിച്ചതായും വിവരമുണ്ടായിരുന്നു. സംഭവം വാര്‍ത്തയായതോടെ മന്ത്രി എം ബി രാജേഷിന്റെ ഓഫീസ് അജിത് കുമാറുമായി ബന്ധപ്പെട്ടു. ജില്ലയുടെ മേധാവിയായ ഡെപ്യൂട്ടി കമ്മീഷണര്‍, മന്ത്രി അതാത് ജില്ലയില്‍ എത്തുമ്പോള്‍ ബ്രീഫ് ചെയ്യാറുണ്ടെന്നും അതില്‍ അടുത്തിടെ ചില വീഴ്‌ചകൾ സംഭവിച്ചെന്നുമാണ് എക്‌സൈസ് കമ്മീഷര്‍ ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണം. അത് ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തതെന്നും എക്‌സൈസ് കമ്മീഷണര്‍ വിശദീകരിച്ചു.

أحدث أقدم