കോൺഗ്രസ് അനുകൂല വാരികയിൽ ലേഖനമെഴുതി; കെഎസ്ആർടിസി ജീവനക്കാരനെതിരെ അച്ചടക്ക നടപടി


കേരള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ മുഖപത്രത്തിൽ ലേഖനമെഴുതിയതിന് കെഎസ്ആർടിസി ജീവനക്കാരനെതിരെ അച്ചടക്ക നടപടി. സർക്കാർ വിരുദ്ധ നടപടിയെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ചീഫ് ഓഫീസിലെ എസ്റ്റേസ്റ്റ് വിഭാഗം അസിസ്റ്റന്റ് ശിവകുമാറിനെതിരെയാണ് നടപടി. ഇയാളെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് സ്ഥലം മാറ്റി. കൃത്യസമയത്ത് ലഭിക്കാത്ത ശമ്പളം, പെൻഷൻ, കട്ടപ്പുറത്തിരിക്കുന്ന ബസുകൾ, കടക്കെണി എന്നിങ്ങനെ നിലവിൽ കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധികൾ എണ്ണിയെണ്ണി പറയുന്നതാണ് ലേഖനം. ശിവകുമാറിന്റെ ലേഖനം സർക്കാർ വിരുദ്ധമാണെന്നും പൊതുസമൂഹത്തിലും ജീവനക്കാർക്കിടയിലും കോർപറേഷനെ കുറിച്ചുള്ള അവമതിപ്പ് സൃഷ്ടിക്കാൻ ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജ്മെൻറിൻറെ അച്ചടക്കനടപടി.

‘കെഎസ്ആർടിസി; പ്രതിസന്ധികളിൽ നിന്ന് പ്രത്യാശയിലേക്ക് ഒരു പുനർവിചിന്തനം’ എന്ന തലക്കെട്ടിൽ കോൺഗ്രസ് അനുകൂല വാരികയിലെഴുതിയ ലേഖനത്തിന്റെ പേരിലാണ് നടപടി. നിലവിൽ കെഎസ്ആർടിസി നേരിടുന്ന കെടുകാര്യസ്ഥതയിൽ നിന്ന് മോചിപ്പിച്ച് ഈ പ്രസ്ഥാനത്തെ കൈപിടിച്ചുയർത്താൻ വ്യക്തമായ കാഴ്ചപ്പാടുള്ള നേതൃത്വം അനിവാര്യമാണെന്നും യുഡിഎഫിന്റെ വികസനമാതൃകകൾക്ക് കെഎസ്ആർടിസിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാകുമെന്ന് പ്രതീക്ഷിക്കാമെന്നും ലേഖനത്തിലുണ്ട്.

പ്രതിപക്ഷ യൂണിയനായ ടിഡിഎഫിന്റെ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറിയുമാണ് ശിവകുമാർ. അച്ചടക്കനടപടിക്ക് പിന്നാലെ ചീഫ് ഓഫീസിന് മുൻപിൽ കടുത്ത പ്രതിഷേധവുമായി ടിഡിഎഫ് യൂണിയൻ തടിച്ചുകൂടി. ശിവകുമാറിനെ കാസർകോട്ടേക്ക് സ്ഥലംമാറ്റിയത് അകാരണമായാണെന്നും വർക്കേഴ്‌സ് യൂണിയന്റെ നിലപാടാണ് ശിവകുമാർ എഴുതിയതെന്നും എം.വിൻസെന്റ് എംഎൽഎ പറഞ്ഞു.

أحدث أقدم