യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് മുന്നിൽ റീത്ത്; പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആരോപണം


യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് മുന്നില്‍ റീത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടിന്റെ തളിപ്പറമ്പിലെ വീട്ടിലാണ് രാവിലെ റീത്ത് പ്രത്യക്ഷപ്പെട്ടത്. ഇന്നലെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ ഡിവൈഎഫ്‌ഐയാണ് റീത്ത് വച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഫ്‌ളക്‌സ് എസ്എഫ്ഐ പ്രവർത്തകർ കീറിയതിന് പിന്നാലെയായിരുന്നു യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ രാഹുല്‍ വെച്ചിയോട്ടും പങ്കെടുത്തിരുന്നു. ഇതിന് ശേഷം രാഹുല്‍ തിരികെ വീട്ടിലേക്ക് വരികയും ചെയ്തു. പിന്നാലെയാണ് രാവിലെ വീടിന് മുന്നില്‍ റീത്ത് പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ രാഹുല്‍ വെച്ചിയോട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 സിപിഐഎമ്മിലെ ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയിരുന്നു. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോഡില്‍ വച്ച് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഇരുഭാഗത്തെ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

 സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിന് ശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നഗരത്തില്‍ പ്രകടനം നടത്തി. ഡിസിസി ഓഫീസിലേക്ക് പ്രകടനം നടത്താന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞുവെച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടിന്റെ വീടിന് മുന്നില്‍ റീത്ത് പ്രത്യക്ഷപ്പെട്ടത്.

Previous Post Next Post