കര്‍ണാടകയില്‍ കുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റിലായി. ബംഗളൂരു ജില്ലയിലെ ഹൊസ്‌കോട്ടെ സുളിബലെയിലാണ് സംഭവം. വീടിനുള്ളില്‍ കുഞ്ഞിനെ കുഴിച്ചിടാന്‍ ശ്രമം നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി
നിധി' ലഭിക്കാന്‍ കുഞ്ഞിനെ ബലിയര്‍പ്പിക്കാനുള്ള ചടങ്ങുകള്‍ വീട്ടില്‍ നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൂളിബലെ ഗ്രാമത്തില്‍ കുഞ്ഞിനെ നരബലി നല്‍കാന്‍ ശ്രമിച്ച വാര്‍ത്ത ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. സാമ്പത്തികമായി മികച്ച നിലയിലുള്ള സെയ്യിദ് ഇംമ്രാന്‍ എന്നയാള്‍ എട്ടു മാസം മുന്‍പ് ഒരു കുടിയേറ്റ തൊഴിലാളിയില്‍ നിന്ന് പണം നല്‍കി വാങ്ങിയ കുഞ്ഞിനെയാണ് ബലി നല്‍കാന്‍ ശ്രമിച്ചത്
കുഞ്ഞിന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇയാള്‍ നേരത്തെ തയ്യാറാക്കിയിരുന്നു. വീടിനുള്ളില്‍ അസ്വാഭാവികമായ രീതിയില്‍ തറ കുഴിക്കുന്നതും പ്രത്യേക തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ നല്‍കിയ വിവരമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് ശിശു സംരക്ഷണ സമിതി സ്ഥലത്തെത്തുകയും പൊലീസിന്റെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.