വെള്ളാപ്പള്ളി നടേശനായി രക്തതിലക പ്രതിജ്ഞ നടത്തി വനിതാ സംഘം


ആലപ്പുഴ: എസ്‌എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായി രക്തതിലക പ്രതിജ്ഞ നടത്തി വനിതാ സംഘം. എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാസംഘത്തിന്റേതാണ് ഈ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രഖ്യാപനം. വനിതകൾ വിരലിൽ നിന്ന് രക്തംപൊടിച്ച് തിലകം ചാർത്തിക്കൊണ്ട് പ്രതിഞ്ജ ചെയ്താണ് വെള്ളാപ്പള്ളിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. രക്തം കൊണ്ട് പേപ്പറിൽ വിരലടയാളം പതിപ്പിച്ച് വെള്ളാപ്പള്ളി നടേശന് ഇവര്‍ അയച്ചു നൽകി. മാത്രമല്ല യൂത്ത് കോൺഗ്രസ് നേതാക്കളുടെ കോലം കത്തിച്ചും വനിതാ സംഘം പ്രതിഷേധിച്ചു. വെള്ളാപ്പള്ളി നടേശൻ നേരെയുണ്ടായ പരാമർശങ്ങൾക്ക് പിന്നാലെയാണ് വ്യത്യസ്തമായ സമരപരിപാടിയുമായി വനിതാ സംഘം രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം എസ്‌എൻഡിപി യോഗം യൂത്ത് മൂവ്‌മെന്റും വെള്ളാപ്പള്ളിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. യൂത്ത് മൂവ്മെൻ്റ് കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലായിരുന്നു പരിപാടി നടന്നത്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിൻ്റെ കോലത്തിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ച യൂത്ത് മൂവ്മെന്റ് പ്രവർത്തകർ ഹാരിസിന്റെ കോലം കത്തിക്കുകയും ചെയ്തു. വെള്ളാപ്പള്ളി നടേശൻ്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് ഹാരിസ് മുതൂർ അവാർഡ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി എസ്‌എൻഡിപി യോഗം യൂത്ത് മൂവ്‌മെന്റ് രംഗത്തെത്തിയത്. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്.

Previous Post Next Post