പാസ്‌പോർട്ട് പരിശോധനയ്‌ക്കെത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ വിജേഷിനെതിരെയാണ് യുവതി രംഗത്തെത്തിയത്. സംഭവത്തിൽ കൊച്ചി സിറ്റി ഹാർബർ പോലീസ് കേസ് ഫയൽ ചെയ്തു.
പാസ്‌പോർട്ട് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി വിജേഷ് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റേഷന് പുറത്തുള്ള ഒരു വാക്ക്‌വേയിൽ വെച്ച് നടപടികൾ ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയെ അവിടെ എത്തിച്ചത്. തുടർന്ന് അവിടെ വെച്ച് തന്നോട് മോശമായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
അതിക്രമം നടന്ന സ്ഥലം ഹാർബർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ ഗൗരവകരമായ അന്വേഷണം ആരംഭിച്ചതായും പ്രതിയായ ഉദ്യോഗസ്ഥനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. ക്രിമിനൽ കേസിന് പുറമെ, വിജേഷിനെതിരെ കർശനമായ വകുപ്പുതല നടപടികളും സ്വീകരിക്കും.