
വർഷങ്ങൾക്ക് മുൻപ് ഒരു കുഴപ്പവുമില്ലാതിരുന്ന ശബരിമലയിലെ പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത. കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ചെന്ന് പറഞ്ഞാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. എന്നാൽ കൊടിമരത്തിന്റെ അടിഭാഗം നിർമിച്ചിരിക്കുന്നത് കോൺക്രീറ്റ് കൊണ്ടാണ്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊടിമരത്തെയും വാജി വാഹനത്തെയും അഷ്ടദിക് പാലകരെയും ലക്ഷ്യംവെച്ചാണോ ഇങ്ങനെയൊരു നിർമ്മാണ പ്രവൃത്തി നടന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.
അതിനിടെ വാജി വാഹനം അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ദേവസ്വം ബോർഡ് അംഗം അജയ് തറയിലും ചേർന്ന് തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വർണക്കൊള്ളയുടെ ഭാഗമായാണോ എന്ന് അറിയുന്നതിനായി എസ്‌ഐടി ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.