അയ്യപ്പന്റെ സ്വര്‍ണം മുതല്‍ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധപതിച്ചു; കെ മുരളീധരൻ


പയ്യന്നൂരിലെ വെളിപ്പെടുത്തല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതിയാണ് വെളിവാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അയ്യപ്പന്റെ സ്വര്‍ണം മുതല്‍ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധപതിച്ചു. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നവരെ പാര്‍ട്ടി പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

പാര്‍ട്ടി ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ ബംഗാളിന്റെയും,  തൃപുരയുടെയും അവസ്ഥയിലേക്ക് കാര്യങ്ങള്‍ കടക്കും. അതിനെ ഗുണകരമായ കാര്യമായി കോണ്‍ഗ്രസ് കാണുന്നില്ല. ഒരു ജനാധിപത്യ പാര്‍ട്ടി ഇല്ലാതാവണമെന്നൊന്നും ആഗ്രഹിക്കുന്നില്ല. പക്ഷെ സ്വയം ഉണ്ടാക്കുന്ന കാരണങ്ങള്‍ കൊണ്ട് പാര്‍ട്ടി തകര്‍ന്നാല്‍ അതിന്റെ ഉത്തരവാദിത്വം മറ്റാര്‍ക്കും ഏറ്റെടുക്കാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

 കോണ്‍ഗ്രസ് കടകംപള്ളിയുടെ രാജി ആവശ്യപ്പെട്ടത് ഫോട്ടോ കണ്ടിട്ടല്ല. അതിന് മുന്‍പ് തന്നെ രാജി ആവശ്യപ്പെട്ടിരുന്നു. സ്വന്തം വകുപ്പിന് കീഴില്‍ ഇത്രയും വലിയ കൊള്ള നടക്കുമ്പോള്‍ അത് കണ്ടെത്താന്‍ സാധിക്കാത്ത വ്യക്തി കേസില്‍ പ്രതി തന്നെയാണ്. അതുകൊണ്ടാണ് കടകംപള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത്. യഥാര്‍ത്ഥ കുറ്റവാളികളെ മറച്ച് പിടിക്കാനാണ് പല ചിത്രങ്ങളുമായി ഓരോരുത്തര്‍ മുന്നോട്ട് വരുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.

 സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി പരാജയപ്പെട്ടു. കോടതിയുടെ മേല്‍നോട്ടത്തിലാണെങ്കിലും ഇവരെല്ലാം പിണറായിയുടെ കീഴിലെ ജോലിക്കാരണല്ലോ. അതുകൊണ്ടാണ് അന്വേഷണത്തില്‍ സംശയമുണ്ടെന്ന് പറഞ്ഞത്. ഇഡിയുടെ അന്വേഷണം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു എന്ന സംശയവുമുണ്ട്. സ്വര്‍ണക്കൊള്ള കോണ്‍ഗ്രസിന് മേല്‍ ആരോപിക്കുമ്പോള്‍ അതിന്റെ ലാഭം ലഭിക്കാന്‍ പോകുന്നത് ബിജെപിക്കാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

أحدث أقدم