
കുട്ടികളുടെ നാപ്കിൻ ഉൾപ്പടെയുള്ള മാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡരികിൽ വലിച്ചെറിഞ്ഞ ആളെ കണ്ടെത്തി ആരോഗ്യ വകുപ്പ് ജീവനക്കാർ. കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ആണ് ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുട്ടികളുടെ പാമ്പേഴ്സ് ഉൾപ്പടെ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാനയിലാണ് മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ ഇട്ടിരുന്നത് കൊറിയർ പ്ലാസ്റ്റിക്ക് കവറിലാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ കവറിൽ ഉണ്ടായിരുന്ന വിലാസം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ടാണശ്ശേരിയിലെ വീട്ടിൽ നിന്നുള്ള മാലിന്യമാണ് റോഡരികിൽ ഉപേക്ഷിച്ചിരിക്കുന്നത് എന്ന് കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിച്ചതിനും പഞ്ചായത്തിൽ പിഴ അടക്കുന്നതിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിച്ച വീട്ടുകാർക്കെതിരെ നിയമ നടപടികളിലേക്ക് കടക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. കെ പി ചിന്ത വ്യക്തമാക്കി.
പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം നടത്തിയവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം.പി സജീപ് അറിയിച്ചു. പരിശോധനക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വി.വി.തിലകൻ, വാർഡ് മെമ്പർ ജോൺ കാക്കശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ എൻ എഫ്. ജോസഫ്, ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ബിഞ്ചു ജേക്കബ്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നെഴ്സ് കെ വി വിനീത എന്നിവർ നേതൃത്വം നൽകി