അളവ് തിട്ടപ്പെടുത്തണം; ദ്വാരപാലക, കട്ടിളപ്പാളികളിൽ വീണ്ടും പരിശോധന, പാളികളിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിക്കും





തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലെയും,  ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായതായി വിഎസ്എസ്സി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതോടെ ദ്വാരപാലക, കട്ടിളപ്പാളികളിൽ വീണ്ടും പരിശോധന നടത്തും. സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താനാണ് പരിശോധന. ദ്വാരപാലക പാളിയിൽ 394.6 ഗ്രാം സ്വർണ്ണവും, കട്ടിള പാളികളിൽ 409 ഗ്രാം സ്വർണ്ണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. അതേസമയം എത്ര സ്വർണ്ണം പാളികളിൽ ഉണ്ട് എന്നതിൽ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ഇല്ല. സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്നാണ് എസ്ഐടി പറയുന്നത്.

സന്നിധാനത്തെ പാളികളിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിക്കും. വിഎസ്എസ്സിയിൽ പരിശോധിക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയുടെ അനുമതി വാങ്ങിയാകും നടപടി. സാമ്പിൾ ശേഖരിക്കാൻ വീണ്ടും അനുവാദം  വാങ്ങേണ്ടിവരും.  ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വർണം കട്ടെങ്കിലും പാളികൾ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമല കട്ടിളപാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണ് കവർന്നതെന്ന് ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചു എന്നാണ് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി. ഇപ്പോഴുള്ളത് ഒറിജിനൽ ചെമ്പ് പാളികൾ തന്നെയാണ്. പാളികളിൽ ഉണ്ടായത് രാസഘടനാ മാറ്റമെന്ന മൊഴിയുടെ വിശദാംശങ്ങൾ എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. അതേസമയം ബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി. നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.
أحدث أقدم