ശബരിമല നട അടച്ചു.


 
സന്നിധാനം::ശബരിമല ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:45 നാണ് നട അടച്ചത്. 

രാവിലെ അഞ്ചിന് നട തുറന്നു. കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടത്തി. തുടർന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. 

ജനുവരി 23 ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും. 
 മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച് താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് നൽകി.

പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങ് നടത്തി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജുവിന്റെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ എസ് ശ്രീനിവാസന് രാജപ്രതിനിധി കൈമാറി. മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും നൽകി. 

രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിന് സമാപനം.
Previous Post Next Post