
ശശി തരൂർ എംപിയെ കോൺഗ്രസ് പാർട്ടി ഭീഷണിപ്പെടുത്തി കൂടെ നിർത്തിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തരൂർ സി പി ഐ എമ്മിലേക്ക് വരാൻ തയ്യാറാണെങ്കിൽ പാർട്ടി അദ്ദേഹത്തെ സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കോൺഗ്രസിനുള്ളിലെ ചില കേന്ദ്രങ്ങൾ തരൂരിനെ സമ്മർദ്ദത്തിലാക്കുകയാണ്. അദ്ദേഹത്തിന്റെ ഭാവം ശ്രദ്ധിച്ചാൽ തന്നെ അക്കാര്യം വ്യക്തമാണ്. കേവലം മാധ്യമശ്രദ്ധയ്ക്ക് വേണ്ടി മാത്രമാണ് കോൺഗ്രസ് തരൂരിനെ ഉപയോഗിക്കുന്നത്. സി പി ഐ എമ്മിന്റെ നയങ്ങളും ആദർശങ്ങളും അംഗീകരിക്കാൻ തയ്യാറായ ആരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യും. തരൂരിന്റെ കാര്യത്തിലും അത് ബാധകമാണ്.
തന്നെ ‘സംഘിക്കുട്ടി’ എന്ന് വിളിച്ച വി.ഡി. സതീശന്റെ നടപടി പ്രതിഷേധാർഹമാണ്. പതിറ്റാണ്ടുകളായി സംഘപരിവാർ രാഷ്ട്രീയത്തോട് പോരാടുന്ന തന്നെ അധിക്ഷേപിക്കുകയാണ് സതീശൻ ചെയ്യുന്നത്. സതീശൻ ലോകത്തുള്ള എല്ലാവരെയും പരിഹസിക്കുന്ന സ്വഭാവക്കാരനാണെന്നും മന്ത്രി കുറ്റപ്പെടുത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പറവൂരിൽ സതീശന് വിജയം എളുപ്പമാകില്ല. അവിടെ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ട്. മുൻപും ഇത്തരം ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെ തന്നെ തോൽപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു.
“സോണിയാ ഗാന്ധിയെ താൻ അധിക്ഷേപിച്ചിട്ടില്ല. കോൺഗ്രസുകാർ തന്നെയാണ് അവരെ മദാമ്മ എന്ന് വിളിച്ചത്. യുഡിഎഫിനും കോൺഗ്രസിനുമെതിരെ പ്രചാരണം നടത്തുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ തന്റെ ധർമ്മമാണ്.” വി. ശിവൻകുട്ടി പറഞ്ഞു.