
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ. ‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’ എന്നാണ് രാഹുൽ ഈശ്വർ ഫേസ് ബുക്കിൽ കുറിച്ചത്. എത്ര കാലം കള്ള കേസിൽ അകത്തിട്ടാലും അവൻ തിരിച്ചു വരുമെന്നും സത്യം തെളിയിച്ചു തിരിച്ചടിക്കുമെന്നും രാഹുൽ ഈശ്വർ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നൽകിയ യുവതിയെ സോഷ്യൽമീഡിയകളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നേരത്തെ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി അനുകൂലിക്കുന്നതിനിടെയാണ് പരാതിക്കാരിയെ അവഹേളിച്ചത്. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
ജാമ്യത്തിലിറങ്ങിയ ശേഷവും രാഹുൽ ഈശ്വർ യുവതിയെ അധിക്ഷേപിച്ചു. അതിജീവിതയെ വീണ്ടും അപമാനിച്ച രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കുകയും ചെയ്തു. ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.
മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തില്‍ അതിജീവിത ഉന്നയിക്കുന്ന പ്രധാന വാദം.