ശബരിമല സ്വര്‍ണക്കൊള്ള; സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ




തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ശുപാർശ ചെയ്തെന്ന് റിപ്പോർട്ട്.  കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് ബ്യൂറോ സിബിഐ അന്വേഷണം വേണമെന്ന നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാനത്തുനിന്ന് ശേഖരിച്ച വിവരങ്ങള്‍ ഐബി ഡയറക്ടർ ജനറല്‍ ഓഫ് ഇന്റലിജൻസിന് കൈമാറിയിട്ടുണ്ട്.

നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് (എസ്‌ഐടി) കേസ് അന്വേഷിക്കുന്നത്. അതിനാല്‍ ഐബിയുടെ ശുപാർശ അടങ്ങിയ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിക്ക് സമർപ്പിക്കുമെന്നാണ് വിവരം.   സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം കൂടി ആവശ്യപ്പെടുന്ന നിലപാടാണ് ഐബി മുന്നോട്ടുവയ്ക്കുന്നത്.
أحدث أقدم