
തൃശൂർ തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം. തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരൻ സുബ്രഹ്മണ്യനാണ് ക്രൂര മർദനമേറ്റത്. ബാറിലെ മുൻ ജീവനക്കാരനടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ മുൻ ജീവനക്കാരൻ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്‍റോ, എബിൻ, രഞ്ജിത്ത് എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനമെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കൾക്കൊപ്പം വീണ്ടും ബാറിലെത്തുകയായിരുന്നു. പിന്നാലെ സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
സുരക്ഷാ ജീവനക്കാരും നാട്ടുകാരും തടയാൻ ശ്രമിച്ച എങ്കിലും മർദ്ദനം തുടർന്നുകൊണ്ടേയിരുന്നു. സുബ്രഹ്മണ്യന്‍റെ മുഖത്ത് ആഞ്ഞടിക്കുന്നത് അടക്കം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സുബ്രഹ്മണ്യനെ പലതവണ അടിക്കുന്നതും ദൃശ്യത്തിലുണ്ട്. അടിയേറ്റ് നിലത്ത് വീണ സുബ്രഹ്മണ്യനെ അവശനിലയിൽ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബാറിലെ ജീവനക്കാ ജീവനക്കാരൻ ആയിരിക്കെ, ചില വിഷയങ്ങളുടെ പേരിൽ ഗിരീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാൽ, വ്യക്തിപരമായി താനുമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. താടിയെലിന് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യൻ ചികിത്സയിൽ തുടരുകയാണ്.