
തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ തീപിടിത്തം. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ശനിയാഴ്ച ആയതിനാലും അവധി ദിവസമായിരുന്നതിനാലും സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. എന്നാൽ സ്പെഷ്യൽ ക്ലാസ്സുമായി ബന്ധപ്പെട്ട് ചില വിദ്യാർഥികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദവും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ വിവരം അഗ്നിശമസേനയെ അറിയിച്ചു. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തുകയും കുട്ടികളെ പൂർണമായും കെട്ടിടത്തിൽ നിന്നും പുറത്തിറക്കുകയും ചെയ്തു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം കെട്ടിടത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം