
മേപ്പാടിയിൽ കളിപ്പാട്ടത്തിൽ നിന്നെടുത്ത അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ വിഴുങ്ങി രണ്ടു വയസ്സുകാരൻ. ആശങ്കകൾക്കൊടുവിൽ എൻഡോസ്കോപ്പിയിലൂടെ ബാറ്ററികൾ വിജയകരമായി പുറത്തെടുത്തു. ബത്തേരി മൂലങ്കാവ് സ്വദേശികളുടെ മകനാണ് കളിക്കുന്നതിനിടെ ബാറ്ററികൾ വായിൽ ഇട്ടത്. ബാറ്ററികൾ വിഴുങ്ങുന്നത് കണ്ട ഉടനെ വീട്ടുകാർ കുട്ടിയെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷലിസ്റ്റ് ഡോ.സൂര്യനാരായണയുടെ നേതൃത്വത്തിലാണ് എൻഡോസ്കോപ്പിയിലൂടെ ബാറ്ററികൾ പുറത്തെടുത്തത്. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനായതിനാലാണ് വലിയ അപകടം ഒഴിവാക്കാൻ സാധിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ബാറ്ററികൾ ആമാശയത്തിൽ എത്തിയാൽ ഉള്ളിലെ അസിഡിക് പ്രവർത്തനത്തിലൂടെ പൊട്ടാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാൽ കുടൽ, കരൾ തുടങ്ങിയ അവയവങ്ങളിൽ ഗുരുതരമായ ക്ഷതം ഉണ്ടാകുമെന്നും ഡോ.സൂര്യനാരായണ പറഞ്ഞു. അതത് പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങൾ മാത്രം കുട്ടികൾക്ക് നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇത്തരത്തിൽ കളിപ്പാട്ടങ്ങളുമായി ഇരിക്കുന്ന കുട്ടികൾ മുതിർന്നവരുടെ നിരീക്ഷണത്തിൽ ആയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.അഖിൽ, ഡോ. അഞ്ജന എന്നിവരും ചികിത്സയിൽ പിന്തുണ നൽകി.