കുട്ടികളുടെ പരാതി അംഗീകരിച്ചു വിദ്യാഭ്യാസ മന്ത്രി; സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്


        
സംസ്ഥാനത്ത് സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 % കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കൊല്ലത്ത് പറഞ്ഞു. പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് കുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്സ് നിർമ്മിച്ച്  നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി ശിവൻകുട്ടി.

കൊല്ലം തേവലക്കരയിൽ സ്കൂളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻ്റെ കുടുംബത്തിന് തണലായി. സൗകൗട്ട്സ് & ഗൈഡ്സ് വെച്ചു നൽകിയ വീടിൻ്റെ താക്കോൽ വിദ്യാഭ്യാസമന്ത്രി കൈമാറി. വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് വീട് നിർമ്മിക്കാത്തവർ ഉള്ള കാലമാണ് ഇതെന്നും ആ സമയത്താണ് മിഥുൻ്റെ കുടുംബത്തിന് വീട് വെച്ചു നൽകിയതെന്നും മന്ത്രി പറഞ്ഞു. മിഥുൻ്റെ മാതാപിതാക്കളിൽ ആർക്കെങ്കിലും തേവലക്കര സ്കൂളിൽ ജോലി നൽകണമെന്ന് വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.



Previous Post Next Post