അദ്ദേഹവുമായൊന്നും (ശിവൻകുട്ടി) മത്സരിക്കാൻ താൻ ഇല്ലെന്ന് സതീശൻ പറഞ്ഞു. അദ്ദേഹം വലിയൊരു ആളാണ്. എനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ള ആളാണ് അദ്ദേഹം. തനിക്ക് അതിൽ തർക്കമില്ല. നല്ല നിലവാരമുള്ള ആളാണ്. ഞാൻ അദ്ദേഹത്തെക്കാൾ നിലവാരം കുറഞ്ഞയാളാണ്. അപ്പോൾ തർക്കം ഇല്ലല്ലോ. നിലവാരം കുറഞ്ഞ ആളാണെ ന്ന് പറഞ്ഞിട്ട് വെല്ലുവിളിക്കുവല്ലേ, സതീശൻ പറഞ്ഞു.
ഞാൻ നിലവാരം കുറഞ്ഞ ആളാണ്. അദ്ദേഹത്തെക്കാൾ നിലവാരം കുറഞ്ഞ ആളാണ്. അദ്ദേഹം തന്നെക്കാൾ നിലവാരവും സംസ്‌കാരവും ഉള്ള ആളാണ്. താൻ തർക്കിക്കാനും വഴക്കിടാനുമില്ല. കാരണം പൊളിറ്റിക്കൽ നരേറ്റീവ്‌സുണ്ട്, ഈ തിരഞ്ഞെടുപ്പിൽ. അത് എൽഡിഎഫിന്റെ ചങ്ക് തുളച്ചുപോകുന്നതാണ്. ആ വിഷയത്തിൽനിന്ന് ആരും വഴിതെറ്റിച്ചു കൊണ്ടുപോകാൻ നോക്കണ്ടെന്നും സതീശൻ പറഞ്ഞു.
സതീശൻ ശരിക്കും ഒരു സംഘപരിവാർ വിരുദ്ധനാണെങ്കിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഒരിക്കൽ വിജയിച്ച നേമം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം തയ്യാറാകണം, എന്നായിരുന്നു ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞത്. വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യമുണ്ടെങ്കിൽ, വർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാൻ സതീശൻ ഈ ക്ഷണം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശിവൻകുട്ടി പറഞ്ഞിരുന്നു.