സി.പി.എം. ഫണ്ട് ക്രമക്കേട് വിവാദം; വീഴ്ച വിശദീകരിക്കുന്ന പാർട്ടി രേഖ പുറത്ത്





കണ്ണൂർ : സി.പി.എം. ജില്ലാ കമ്മിറ്റി മുൻ അംഗം വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് ക്രമക്കേട് വിവാദം നിലനിൽക്കെ ധനരാജ് രക്തസാക്ഷിഫണ്ട് കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായുള്ള പാർട്ടിരേഖ പുറത്ത്. പയ്യന്നൂർ ഏരിയയിലെ സംഘടനാപ്രശ്‌നങ്ങൾ സംബന്ധിച്ച സി.പി.എം. ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ പാർട്ടിക്കകത്ത് റിപ്പോർട്ട് ചെയ്യാനുള്ള കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഏരിയാ കമ്മിറ്റിയുടെ പേരിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു ഇടപാട് നടത്തേണ്ടിയിരുന്നത്. എന്നാൽ ധനരാജ് കുടുംബസഹായ കമ്മിറ്റി എന്ന പേരിൽ ടി.ഐ. മധുസൂദനന്റെയും കെ.പി. മധുവിന്റെയും പേരിൽ സംയുക്തമായി പയ്യന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിൽ മൂന്ന് അക്കൗണ്ടുകൾ തുടങ്ങുകയായിരുന്നുവെന്ന് രേഖ വെളിപ്പെടുത്തുന്നു.

ധനരാജ് ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ സ്ഥിരനിക്ഷേപമാക്കി അതിന്റെ പലിശയിൽ ഒരുഭാഗം ഏരിയാ സെക്രട്ടറി കെ.പി. മധു വ്യക്തിപരമായ അക്കൗണ്ട് മുഖേന കൈപ്പറ്റിയെന്ന ആരോപണം നേരത്തേ കുഞ്ഞികൃഷ്ണൻ ഉന്നയിച്ചിരുന്നു. വി. കുഞ്ഞികൃഷ്ണന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിലും ഇതേക്കുറിച്ച് വിവരിക്കുന്നുണ്ട്. ധനരാജ് ഫണ്ടിൽനിന്നുണ്ടായ ചെലവ് കുടുംബസഹായ ഫണ്ട് വിതരണവും വീട് നിർമാണവും കേസിന്റെ ചെലവുമാണെന്ന് രേഖയിൽ പറയുന്നു. അതിൽ അതുവരെയുള്ള ചെലവ് കണക്കാക്കി വരവ്-ചെലവ് കണക്ക് 2018-ൽ തയ്യാറാക്കാമായിരുന്നു. വരവും ചെലവും കണക്കാക്കി ഓഡിറ്റ് ചെയ്ത റിപ്പോർട്ട് സഹിതം ഏരിയാ കമ്മിറ്റിയിൽ അവതരിപ്പിക്കാൻ അക്കാലത്തുതന്നെ ചുമതലക്കാർക്ക് കഴിയുമായിരുന്നു.

എന്നാൽ, നാലുവർഷം കഴിഞ്ഞാണ് കണക്ക് അവതരിപ്പിച്ചത്. അത് ഗൗരവമായ വീഴ്ചയാണ്. വീഴ്ചയുടെ മുഖ്യ ഉത്തരവാദിത്വം ടി.ഐ. മധുസൂദനൻ, ടി. വിശ്വനാഥൻ, കെ.കെ. ഗംഗാധരൻ, കെ.പി. മധു എന്നിവർക്കാണെന്നാണ് ജില്ലാ കമ്മിറ്റി കണ്ടെത്തിയിരുന്നു.
أحدث أقدم