
കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടനും, സംവിധായകനും, ബിഗ്ബോസ് വിജയിയുമായ അഖിൽ മാരാർ വരുന്നു എന്നൊരു സൂചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊട്ടാരക്കരയിൽ മാരാർ മത്സരിച്ചാൽ മണ്ഡലം പിടിക്കാൻ ആകുമെന്നാണ് ഡിസിസി വിലയിരുത്തല്‍. ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് അഖില്‍ മാരാര്‍.
എന്നോട് മണ്ഡലം അടിസ്ഥാനത്തില്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്നോട് ആകെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത് മെയിൻ സ്ട്രീമിലേക്ക് വരണം എന്നാണ്. രമേശ് ചെന്നിത്തലയുമായും എനിക്ക് നല്ല അടുപ്പമുണ്ട്. നാളെ അദ്ദേഹം തിരുവനന്തപുരത്തേക്ക് വരണം എന്നും പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്തേക്ക് അത് നിയമസഭയിലേക്ക് മത്സരിക്കാനാണോ, അതല്ല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകണമെന്ന് പറയാനാണോ, മറ്റെന്തെങ്കിലും പ്ലാൻ അവർക്കുണ്ടോ എന്നൊന്നും വ്യക്തമായി എനിക്ക് അറിയില്ല. നാളെ എന്തായാലും ഞാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നുണ്ട്. പുനർജനിയുടെ പരിപാടിക്കും എന്നെ വിളിച്ചിട്ടുണ്ട്. അപ്പോള്‍ എനിക്ക് തോന്നുന്നത് നമ്മളെയൊക്കെ ഒരുമിപ്പിച്ച് സഹകരിപ്പിച്ച് കൊണ്ടുപോകുക എന്നുള്ള ഉദ്ദേശത്തിലായിരിക്കാം, അല്ലാതെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാന്‍ ആണെന്ന് ഇപ്പോള്‍ കരുതുന്നില്ല. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ്, അഖിൽ മാരാർ പറയുന്നു.
ഞാൻ പഴയ യൂത്ത് കോൺഗ്രസിന്‍റെ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്നു 2012 മുതൽ 2015 വരെ. വളരെ സജീവമായിട്ട് തന്നെ യൂത്ത് കോൺഗ്രസിൽ ഉണ്ടായിരുന്ന ഒരാളായിരുന്നു ഞാന്‍. 2015-ലെ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും നമ്മുടെ പ്രദേശത്ത് വേറൊരാളെ മത്സരിപ്പിച്ചപ്പോള്‍ ഞാൻ സ്വതന്ത്രനായി മത്സരിക്കുകയുമായിരുന്നു. പിന്നീട് കുറച്ചുനാൾ ബിജെപിയില്‍ പോകേണ്ടി വന്നു. പക്ഷേ എനിക്ക് ആശയപരമായിട്ട് ബിജെപിക്കൊപ്പം നിൽക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ ഒരു വർഷം കഴിഞ്ഞപ്പോഴത്തേക്കും രാഷ്ട്രീയ പ്രവർത്തനം പൂർണ്ണമായി ഉപേക്ഷിച്ചു. പിന്നീടാണ് സിനിമ മേഖലയിലേക്ക് പൂർണ്ണമായും മാറിയത് , അഖിൽ മാരാര്‍ പറയുന്നു.