തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങുന്നു എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ പൂർണ്ണമായും തള്ളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശ്ശൂർ, പാലക്കാട്, വട്ടിയൂർക്കാവ് തുടങ്ങിയ മണ്ഡലങ്ങളിൽ സുരേന്ദ്രൻ മത്സരിച്ചേക്കുമെന്ന ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
തൃശ്ശൂരും പാലക്കാടും ഒടുവിൽ വട്ടിയൂർക്കാവും തന്റെ പേരിൽ ചേർത്ത് പ്രചരിപ്പിക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും, ഇത് പടച്ചുവിടരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു മണ്ഡലത്തിലും മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് ഈ നിമിഷം വരെ പാർട്ടിയോടോ മറ്റാരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
ഇതുവരെ മത്സരിച്ചതെല്ലാം പാർട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളിലാണ്. കപ്പിനും ചുണ്ടിനുമിടയിൽ പരാജയം നേരിട്ട അനുഭവങ്ങളും തനിക്കുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ച് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികൾ തന്ത്രങ്ങൾ മെനയുമ്പോൾ, സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചുള്ള ചർച്ചകളും രാഷ്ട്രീയ കേരളത്തിൽ സജീവമാവുകയാണ്. ഇതിനിടെയാണ് വിവിധ നേതാക്കൾ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളും ചര്‍ച്ചയിലേക്ക് എത്തുന്നത്.