ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി


ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. പെട്രോൾ പമ്പ് ജീവനക്കാരനായ റിപ്പൺ സാഹയെയാണ് ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയിലെ സദർ ഉപാസിലയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ വച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പെട്രോൾ പമ്പിലെ അറ്റൻ്ററായ റിപ്പൺ സാഹയ്ക്ക് 30 വയസായിരുന്നു പ്രായം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുൻ നേതാവ് അബുൽ ഹാഷിമാണ് കാറിടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.

പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം നൽകാതെ പോയ അബുൽ ഹാഷിമിനെ റിപ്പൺ സാഹ തടഞ്ഞിരുന്നു. കാർ ഓടിച്ചിരുന്ന കമൽ ഹൊസൈൻ വാഹനം നിർത്താതെ റിപ്പൺ സാഹയെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ഹാഷിമിനെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട വാഹനവും കസ്റ്റഡിയിലെടുത്തു.

റിപ്പൺ സാഹയുടെ കൊലപാതകം ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. പ്രതികൾക്ക് കനത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടന്നു. പ്രതികൾക്ക് പ്രതിപക്ഷ പാർട്ടികളുമായുള്ള ബന്ധം കേസന്വേഷണത്തെ ബാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. കുറ്റകൃത്യത്തെ ഗൗരവത്തോടെ കാണുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

أحدث أقدم