ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല



തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ സെഷന്‍സ് കോടതിയെ സമീപിച്ചേക്കും. മൂന്നാമത്തെ ബലാത്സംഗപരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയില്‍ ഉയര്‍ത്തിയത്.

പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുല്‍ മാങ്കുട്ടത്തിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിച്ചത്. രാഹുലിനെതിരെ നിരന്തരം പരാതികള്‍ ഉയരുകയാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ലൈംഗിക പീഡന പരാതിയില്‍ മറ്റ് രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു. രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദമാണ് കോടതിയിൽ നടന്നത്.

എന്നാല്‍ കെട്ടിച്ചമച്ച കേസ് ആണെന്നും എല്ലാം പരസ്പര സമ്മതപ്രകാരമായിരുന്നു എന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാറിന്റെ വാദം. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങളും ഓഡിയോ സന്ദേശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജാമ്യം കിട്ടിയാല്‍ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.

أحدث أقدم