കുമരകം : കുമരകത്തെ ഗ്രാമ പഞ്ചായത്ത് പുതിയ ഭരണസമിതിയോട് നാട്ടുകാർക്ക് പറയാനുള്ളത് ഒരു പാലം പണിയുടെ കാര്യമാണ്. ഒൻപതാം വാർഡിലെ മുത്തന്റെനട ക്ഷേത്രത്തിന് സമീപമുള്ള പാലം അപകടാവസ്ഥയിലായിരിക്കുകയാണ്. അതൊന്ന് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പള്ളിക്കായൽ, പഴേകായൽ, തുമ്പേക്കായൽ, തുടങ്ങിയ പാടശേഖരങ്ങളിലോട്ടുള്ള പ്രധാന വഴിയിലെ പാലമാണ് അപകടാവസ്ഥയിലായത്. പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾ ഇതുമൂലം വളരെ ബുദ്ധിമുട്ടിയാണ് പാലത്തിലൂടെ സഞ്ചരിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾ കയറുന്ന രീതിയിൽ പണികഴിപ്പിച്ച പാലത്തിന്റെ ഇരുമ്പ് തകിടുകൾ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണുള്ളത്. ഇതുമൂലംപാലത്തിലൂടെയുള്ള യാത്ര ദുഷ്കരവും അപകടകരവുമാണെന്ന് പ്രദേശവാസികൾ പറയുന്നു. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പാലത്തിന്റെ ദുരവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.