ഇതുവരെയും പരിഭവം തീർന്നില്ലേ; മോദി എത്തിയ വേദിയിൽ നിന്ന് മാറി നിന്ന് ആർ ശ്രീലേഖ, യാത്രയയ്ക്കാനും എത്തിയില്ല


പ്രധാനമന്ത്രി എത്തിയ വേദിയിലും പരിഭവം മറയ്ക്കാതെ ആർ ശ്രീലേഖ. മുന്‍ ഡിജിപിയും,  ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ നിന്നും ഒറ്റയ്ക്ക് മാറി നില്‍ക്കുന്ന ദൃശ്യങ്ങൾ  വൈറലാവുകയാണ്. തിരുവനന്തപുരത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി എത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിപാടിയുടെ വേദിയില്‍ നിന്ന് ശ്രീലേഖ വിട്ടുനില്‍ക്കുകയായിരുന്നു.


വേദിയില്‍ മറ്റ് ബിജെപി നേതാക്കളെല്ലാം പ്രധാനമന്ത്രി മോദിയോട് സംസാരിക്കുന്നതും കൂടെ നിന്ന് ചിത്രങ്ങളെടുക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ പൊതുസമ്മേളന വേദിയില്‍ പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോലും പോകാതെ മാറി നില്‍ക്കുകയായിരുന്നു ആര്‍ ശ്രീലേഖ. മറ്റ് നേതാക്കള്‍ മോദിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ മാറി നില്‍ക്കുകയായിരുന്നു. കോര്‍പ്പറേഷന്‍ മേയറാക്കാത്തതില്‍ നേരത്തെ തന്നെ ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി പങ്കെടുത്ത് വേദിയിലും ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

 തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും മേയറാകാന്‍ സാധിക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കി ആര്‍ ശ്രീലേഖ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുന്ന നിരവധി പരാമര്‍ശങ്ങളും ശ്രീലേഖയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്നുള്ള ആര്‍ ശ്രീലേഖയുടെ വിട്ടുനില്‍ക്കൽ  ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

أحدث أقدم