
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാവ് ജി സുധാകരനെ ചേര്‍ത്തുപിടിക്കാന്‍ സിപിഐഎം. ജി സുധാകരന് വീണ്ടും പാര്‍ട്ടി ചുമതലകള്‍ നല്‍കി. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആറംഗ കമ്മിറ്റിയില്‍ ജി സുധാകരനെ ഉള്‍പ്പെടുത്തി. തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കണം, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണം എന്നതുള്‍പ്പെടെ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ജി സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറെ നാളായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു ജി സുധാകരൻ. പൊതുപരിപാടികളിൽ പാർട്ടിയെ വിമർശിച്ച് സംസാരിക്കുന്നത് സിപിഐഎമ്മിന് തലവേദനയായിരുന്നു. അദ്ദേഹം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പ്രശംസിച്ച് പരാമർശം നടത്തിയതും വിവാദമായിരുന്നു. തുടർന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ അനുനയ നീക്കവുമായി സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു. കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റ ജി സുധാകരൻ നിലവിൽ വിശ്രമത്തിലാണ്. അതിനിടെയാണ് പാർട്ടി പുതിയ ചുമതലകൾ നൽകാൻ തീരുമാനിച്ചത്.