നാടക കലാകാരന്‍ വിജേഷ് കെ വി അന്തരിച്ചു…





എറണാകുളം: പ്രമുഖ നാടകകലാകാരന്‍ വിജേഷ് കെ വി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് വിജേഷ്. ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളികള്‍ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.മങ്കിപ്പെൻ, മാൽഗുഡി ഡെയ്സ്,മൈ ഗോഡ്, മൈഗ്രേറ്റ് ഫാദർ, ഗോൾഡ് കോയിൻ, പുള്ളിമാന്‍ ആമി, ക്ലിന്റ് തുടങ്ങിയ അനേകം ചിത്രങ്ങളുമായി ചേർന്ന് അദ്ദേഹം പ്രവർത്തിച്ചു. അവിര റബേക്കയുടെ തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് ആദ്യമായി വിജേഷ് സിനിമ രംഗത്തേക്ക് കടക്കുന്നത്

കോഴിക്കോട് സ്വദേശിയായ വിജേഷ് കെവി സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയില്‍ സജീവമാകുന്നത്. വിവാഹ ശേഷം ഭാര്യയും നാടകപ്രവർത്തകയുമായ കബനിയുമായി ചേർന്ന് രൂപം നല്‍കിയ ‘തിയ്യറ്റര്‍ ബീറ്റ്സ്’ എന്ന ഗ്രൂപ്പിലൂടെ വിദ്യാർത്ഥികള്‍ക്കിടയിലേക്ക് നാടക പരിശീലനവുമായി നിറഞ്ഞ് നിന്നു. നിരവധി സിനിമകള്‍ക്ക് വേണ്ടിയുള്ള അഭിനയ പരിശീലന കളരികളുടെ നേതൃത്വവും അദ്ദേഹം വഹിച്ചു.
أحدث أقدم