
കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞെങ്കിലും കൈക്കുഞ്ഞ് അടക്കമുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെ 4.30-ഓടെ പാനൂർ വാട്ടർടാങ്ക് ജംഗ്ഷനെ കിഴക്ക് ഒതളപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വിദേശത്തേക്ക് പോകുന്ന ചാമേത്ത് വീട്ടിൽ സൂര്യയെ എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബന്ധുവായ ഇടയാടിയിൽ വീട്ടിൽ സുധീറും കുടുംബവും വരുമ്പോൾ സൂര്യയുടെ വീടിന്റെ തൊട്ടുമുന്നിൽ വെച്ചാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ ഇടതുഭാഗത്തുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. സുധീർ, ഭാര്യ സുലു, മക്കളായ റയാ ഫാത്തിമ (6), റയാൻ (ആറുമാസം) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ സൂര്യ ബഹളം വെച്ചതിനെത്തുടർന്ന് അയൽവാസിയായ സവാദ് ഓടിയെത്തി ഡോർ തുറന്ന് നാലുപേരെയും പുറത്തെടുക്കുകയായിരുന്നു. തോട്ടിൽ കാര്യമായി വെള്ളമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിസാര പരിക്കേറ്റ നാലുപേരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കാർ പൂർണമായും തകർന്നു.