സിപിഎം നേതാക്കൾ നടത്തുന്ന തെരുവ് പ്രസംഗമാണ് സഭയിൽ കണ്ടത്’, ബജറ്റല്ല തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം…


ഖജനാവ് കാലിയായ സർക്കാരിന്റെ ബജറ്റ് ജനങ്ങൾ വിശ്വസിക്കില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധനമന്ത്രി നിയമസഭയിൽ നടത്തിയത് ബജറ്റ് അവതരണമല്ല, ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമാണ്. ഈ പ്രസംഗം നടത്തേണ്ടിയിരുന്നത് പുത്തരികണ്ടം മൈതാനത്തായിരുന്നുവെന്നും കൃഷണദാസ് പറഞ്ഞു. സിപിഎം നേതാക്കൾ നടത്തുന്ന തെരുവ് പ്രസംഗമാണ് സഭയിൽ കണ്ടത്. ബജറ്റ് അവതരണത്തിന്റെ പവിത്രതപോലും ധനമന്ത്രി നഷ്ടപ്പെടുത്തിയെന്നും കൃഷ്ണദാസ് പറഞ്ഞു.

കേന്ദ്രത്തിനെതിരായി അടിസ്ഥാന രഹിതമായ ആരോപണമാണ് ധനമന്ത്രി നടത്തിയത്. കേന്ദ്രം ഒന്നും നൽകുന്നില്ലെന്നാണ് ബാലഗോപാൽ പറഞ്ഞത്. കേന്ദ്രസർക്കാർ നികുതിയിനത്തിൽ മാത്രം അഞ്ച് വർഷക്കാലം കൊണ്ട് 1,16,000 കോടി രൂപ സംസ്ഥാനത്തിന് കൈമാറി. സംസ്ഥാനം ധൂർത്തടിച്ച് വരുത്തിവച്ച ധനകമ്മി പരിഹരിക്കാൻ കേന്ദ്രം 44,000 കോടിരൂപയും കേരളത്തിന് കൈമാറി. നഞ്ച് വാങ്ങാൻ പോലും നയാപൈസയില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ട്രെഷറി അടച്ച് പൂട്ടാത്തത് കേന്ദ്ര സർക്കാർ നൽകുന്ന പണം കൊണ്ടാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സർക്കാർ ശമ്പളകമ്മീഷൻ പ്രഖ്യാപിക്കുന്നത്. 2024ൽ ശമ്പളകമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കേണ്ടതായിരുന്നു.

Previous Post Next Post