
ആശുപത്രിയിലേക്ക് എത്താനുള്ള നിമിഷങ്ങൾക്ക് മുൻപ് കാറിനുള്ളിൽ പ്രസവം നടന്ന യുവതിയുടെയും നവജാത ശിശുവിന്റെയും ജീവൻ സമയബന്ധിതമായ ഇടപെടലിലൂടെ രക്ഷിച്ച് എറണാകുളം വിപിഎസ് ലേക്‌ഷോറിലെ അത്യാഹിത വിഭാഗം. ഇന്ന് രാവിലെ 8.45ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. പ്രസവ വേദനയോടെ ആശുപത്രിയിലേക്ക് യാത്ര ചെയ്ത കണ്ണൂർ സ്വദേശിനിയുടെയും ആൺ കുഞ്ഞിന്റെയും ജീവൻ അത്യാഹിത വിഭാഗത്തിലെ ഡോ. ആദിൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് രക്ഷപ്പെടുത്തിയത്.യുവതിയും കുടുംബവും അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി കാർ നിർത്തുമ്പോഴേക്കും കുഞ്ഞ് പുറത്ത് വരാൻ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ഉടൻ സ്ഥലത്തെത്തിയ ഡോ. ആദിൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം അവസ്ഥ വിലയിരുത്തി. സ്ട്രെച്ചറടക്കമുള്ള സംവിധാനങ്ങളുമായി മറ്റ് ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി. എന്നാൽ യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റുന്നത് അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞതോടെ, കാറിനുള്ളിൽ വെച്ച് തന്നെ പ്രസവത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയായിരുന്നു. ഇതോടെ കുടുംബത്തിന്റെ വോൾവോ കാറിൽ വെച്ച് തന്നെ ഡോക്ടറും സംഘവും സുരക്ഷിതമായി പ്രസവം നടത്തി