
എൻസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍. വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദമായി കത്തി നിൽക്കുന്നതിനിടെയാണ് പ്രകാശ് ജാവദേക്കര്‍ വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കണ്ടത്. ബിജെപി നേതാക്കളും പ്രകാശ് ജാവദേക്കറിനൊപ്പമുണ്ടായിരുന്നു. ഉച്ചവരെ വെള്ളാപ്പള്ളി നടേശനൊപ്പം ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സന്ദീപ് വാചസ്പതിയടക്കമുള്ള ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും പ്രകാശ് ജാവദേക്കറിനൊപ്പമുണ്ട്. മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് വെള്ളാപ്പള്ളിയെ കൂടെ കൂട്ടാനുള്ള ബിജെപിയുടെ നീക്കം.
വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടുപ്പം തുടരുമ്പോഴും വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാൽ, വെള്ളാപ്പള്ളിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാൻ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും എൻഡിഎയുടെ ഘടകക്ഷിയായി നിൽക്കുമ്പോഴും ബിഡിജെഎസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വെള്ളാപ്പള്ളി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്.