ഇനി ഡ്രൈവിംഗ് ലൈസൻസിനായി കാത്തിരിക്കേണ്ട ; ടെസ്റ്റ്‌ പാസായാൽ ഉടൻ ലൈസൻസ് കയ്യിൽ കിട്ടും ; പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസിനായി കാത്തിരിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്.

ടെസ്റ്റ് ഫലം തൽസമയം സാരഥി സോഫ്റ്റ്‌വെയറിൽ ഉൾക്കൊള്ളിച്ച് ലൈസൻസ് നൽകും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് 294 ലാപ്ടോപ്പുകൾ വാങ്ങാൻ പണവും അനുവദിച്ചിട്ടുണ്ട്. ഒന്നരക്കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ഡ്രൈവിങ് ടെസ്റ്റ് നടക്കുമെങ്കിലും ലൈസൻസ് വിതരണം രാത്രിയാകും. എന്നാൽ ഈ രീതി മാറി ടെസ്റ്റ് ഫലം അപ്പപ്പോൾ ഓൺലൈനിൽ ഉൾപ്പെടുത്തും. അതുകൊണ്ട് തന്നെ ടെസ്റ്റ് പാസാകുന്നവർക്ക് ഉടൻ തന്നെ ഡ്രൈവിങ് ലൈസൻസ് ഓൺലൈനിൽ എടുക്കാനാകും.

നേരത്തെ ലൈസൻസ് പ്രിന്റ് ചെയ്തു നൽകിയിരുന്നപ്പോൾ മാസങ്ങളോളം കാത്തിരിക്കേണ്ടിയിരുന്നു. എന്നാൽ ഈ ബുദ്ധിമുട്ടുകൾ മാറാനാണ് ഡിജിറ്റൽ പകർപ്പിലേക്ക് ഇവയെല്ലാം മാറിയത്.

أحدث أقدم