മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെതിരെയാണ് വിഡി സതീശന്റെ വിമർശനം. എംഎൽഎ ഓഫീസിന് മുന്നിൽ കുറുവടികളുമായി നിന്ന സംഘമാണ് ആക്രമിച്ചത്. പിന്നിൽ നിന്നാണ് കുറുവടി സംഘം ആക്രമണം നടത്തിയത്.വിസിൽ ബ്ലോവർമാരെ സംരക്ഷിക്കും എന്നതാണ് സിപിഐഎം നയമെന്ന് അദേഹം വിമർശിച്ചു.
ഇവിടെ അഴിമതി ചൂണ്ടിക്കാട്ടിയ വിസിൽ ബ്ലോവറെ നടപടി എടുത്ത് പുറത്താക്കിയിരിക്കുന്നു . അധികാര കരുത്തിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. പോലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിലെ പ്രതിയെ സംരക്ഷിക്കുന്നയാളാണ് അഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി. എങ്ങനെ ആ കസേരയിൽ മുഖ്യമന്ത്രിക്ക് ഇരിക്കാനാകുന്നുവെന്ന് വിഡി സതീശൻ ചോദിച്ചു.
സിപിഐഎമ്മിന് എല്ലാ കാലത്തും ഇരട്ടത്താപ്പാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞാണ് നോട്ടീസിന് അനുമതി നിഷേധിച്ചത്. സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ച വിഷയം വേറെ എവിടെയാണ് പറയേണ്ടതെന്ന് അദേഹം ചോദിച്ചു. പയ്യന്നൂർ അക്രമം ജനാധിപത്യ കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നീതിന്യായ വ്യവസ്ഥകള്‍ സിപിഐഎം ക്രിമിനലുകള്‍ക്ക് ബാധകമല്ലേയെന്ന് വിഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടിക്കാരെ പോലും ചോദ്യം ചെയ്താല്‍ കൊല്ലുമെന്നാണ് പറയുന്നതെന്ന് അദേഹം പറഞ്ഞു. തന്റെ വീട്ടിലേക്ക് എല്ലാ ആഴ്ച്ചയും മാര്‍ച്ചാണ്. വീടിനകത്ത് വരെ കയറി. ചെടിച്ചട്ടി വരെ തല്ലിപ്പൊളിച്ചു. തന്നെ കാണാന്‍ വന്നയാളെ വരെ തല്ലി. ഈ ആഴ്ച്ച സിപിഐഎം ആണെങ്കില്‍ അടുത്താഴ്‌ച്ച ബിജെപി. എല്ലാം പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു