ഗോമൂത്ര ചികിത്സയുടെ പ്രചാരകനും പത്മശ്രീ!! മദ്രാസ് IIT ഡയറക്ടർക്ക് അംഗീകാരം ശാസ്ത്രസാങ്കേതിക മികവിന്



whatsapp sharing button
facebook sharing button

sharethis sharing buttonശാസ്ത്രീയ അടിത്തറയില്ലാത്ത വിഡ്ഢിത്തങ്ങൾ പ്രചരിപ്പിക്കുന്നവർക്കും രാജ്യത്തിൻ്റെ പരമോന്നത അംഗീകാരം. ഗോമൂത്രത്തിൻ്റെ ഔഷധഗുണം കൊട്ടിഘോഷിച്ച മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടിക്ക് പത്മശ്രീ കിട്ടിയതാകട്ടെ, സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലും. ഇന്നലെ പ്രഖ്യാപിച്ച പദ്മ പുരസ്കാര പട്ടികയിൽ 128ാമതായാണ് തമിഴ്നാട്ടിൽ നിന്നുള്ള വീഴിനാഥൻ കാമകോടി എന്ന പേര് ചേർത്തിട്ടുള്ളത്.

കഴിഞ്ഞവർഷം ജനുവരി 15ന് ചെന്നൈയിൽ നടന്ന ‘ഗോ സംരക്ഷണ’ പരിപാടിയിലാണ് കാമകോടി ഗോമൂത്രത്തെക്കുറിച്ച് വാചാലനായത്. വർഷങ്ങൾക്ക് മുൻപ് ഒരു സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ച് തന്‍റെ അച്ഛന്‍റെ പനി അതിവേഗം മാറിയെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാദമായ ശേഷവും ഇതിൽ വിശദീകരണവുമായി അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. ഗോമൂത്രത്തിന് ആന്റി-ബാക്ടീരിയൽ, ആന്റി-ഫംഗൽ ഗുണങ്ങളുണ്ടെന്നും ദഹനപ്രശ്നങ്ങൾക്കും ‘ഇറിറ്റബിൾ ബവൽ സിൻഡ്രോം’ (IBS) പോലുള്ള രോഗങ്ങൾക്ക് ഫലപ്രദമാണ് എന്നുമാണ് കാമകോടി അന്ന് തട്ടിവിട്ടത്.


ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം കാര്യങ്ങൾ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവൻ പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് അന്ന് തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ശാസ്ത്രലോകത്തെ പ്രമുഖർ ഉൾപ്പെടെ ഈ പ്രസ്താവനയെ തള്ളിക്കളയുകയും ഇതിനെ ‘കപടശാസ്ത്രം’ (Pseudoscience) എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. പത്മശ്രീ ലഭിച്ചതോടെ കാമകോടിയുടെ പഴയ ‘ഗോമൂത്ര തീയറി’ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നുണ്ട്

Previous Post Next Post