ദേശീയപാതകളിൽ ഇനി ഡിജിറ്റൽ ടോൾ മാത്രം; ഏപ്രിൽ 1 മുതൽ പണമിടപാടുകൾ ഒഴിവാക്കാൻ നീക്കം


രാജ്യത്തെ ടോൾ പ്ലാസകളിൽ പണമായി (Cash) ടോൾ സ്വീകരിക്കുന്നത് നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറെടുക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ, അതായത് 2026 ഏപ്രിൽ 1 മുതൽ ഈ പരിഷ്കാരം നടപ്പിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടോൾ പ്ലാസകളിൽ ഇനി മുതൽ ഫാസ്ടാഗ് (FASTag) അല്ലെങ്കിൽ യുപിഐ (UPI) വഴി മാത്രമേ പണമടയ്ക്കാൻ സാധിക്കൂ. ടോൾ ബൂത്തുകളിലെ തിരക്ക് കുറയ്ക്കുകയും യാത്രാസമയം ലാഭിക്കുകയുമാണ് പ്രധാന ലക്ഷ്യം. നിലവിൽ ഏകദേശം 98 ശതമാനം ഇടപാടുകളും ഫാസ്ടാഗ് വഴിയാണ് നടക്കുന്നത്. ബാക്കിയുള്ള കുറഞ്ഞ ശതമാനം കൂടി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദേശീയപാത അതോറിറ്റിയുടെ (NHAI) കണക്കുകൾ പ്രകാരം ഫാസ്ടാഗ് വന്നതോടെ ടോൾ പ്ലാസകളിലെ ശരാശരി കാത്തിരിപ്പ് സമയം 734 സെക്കൻഡിൽ നിന്നും 47 സെക്കൻഡായി കുറഞ്ഞിട്ടുണ്ട്. പണമിടപാടുകൾ പൂർണ്ണമായി ഒഴിവാക്കുന്നതോടെ 2026 അവസാനത്തോടെ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ കരുതുന്നു.

യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഒഴിവാക്കുന്നതിനൊപ്പം ടോൾ പിരിവ് സംവിധാനം കൂടുതൽ സുതാര്യമാക്കാനും കാര്യക്ഷമമാക്കാനും ഈ നീക്കം സഹായിക്കും. പണം കൈമാറുമ്പോൾ ഉണ്ടാകുന്ന ചില്ലറ പ്രശ്നങ്ങളും സമയനഷ്ടവും ഇല്ലാതാകുന്നത് വഴി ദേശീയപാതകളിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും.

أحدث أقدم