രാഹുൽ ഗാന്ധിയേയും 25 എംപിമാരെയും വെടിവെച്ചുകൊല്ലുമെന്ന് വീഡിയോ


രാഹുൽ ഗാന്ധിയേയും 25 എംപിമാരെയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിമുഴക്കിയ ആൾ പിടിയിൽ. രാജ് സിങ് എന്നയാളെയാണ് കോട്ടയിൽനിന്ന് രാജസ്ഥാൻ പോലീസ് പിടികൂടിയത്. സാമൂഹികമാധ്യമ വീഡിയോയിലൂടെയാണ് ഇയാൾ ഭീഷണി മുഴക്കിയത്. വലതുപക്ഷസംഘടനായ കർണിസേനയുടെ വക്താവാണ് ഇയാളെന്നാണ് സൂചന.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാഹുലും 25 എംപിമാരും ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ ആക്ഷേപിച്ച് സംസാരിച്ചതിൽ ബിജെപിയുടെയും കർണിസേനയുടെയും പ്രവർത്തകർ കുപിതരാണെന്ന് വീഡിയോയിൽ രാജ് പറയുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇനി ഇത്തരത്തിലൊരു സംഭവമുണ്ടായാൽ ആ എംപിമാരുടെ വീടുകളിൽ കയറി അവ തല്ലിത്തകർക്കും. രാഹുലിന്റെ ആജ്ഞാനുസരണമാണ് ലോക്‌സഭാ സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മിലുണ്ടായ വിവാദം നടന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് പറഞ്ഞ രാജ്, ഇനി അത്തരം സംഭവമുണ്ടായാൽ രാഹുലിനെ വീട്ടിൽക്കയറി വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ആ എംപിമാരെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം അവരെ ഒന്നിനുപിറകേ ഒന്നായി വെടിവെച്ചുകൊല്ലുമെന്നുമായിരുന്നു ഭീഷണി.

വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അതേസമയം, രാജുമായി ബന്ധമില്ലെന്ന് ബിജെപിയും കർണിസേനയും അറിയിച്ചു.

Previous Post Next Post