ബത്തേരിയിൽ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട സ്‌കൂട്ടര്‍ പൊക്കി,29 കാരൻ പിടിയിൽ


ചെതലയം സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി പിടിയില്‍. കുതിരവട്ടം കൂട്ടാളി കണ്ണംചാലില്‍ വീട്ടില്‍ ഇ.കെ. നിതിനെ(29)യാണ് പാളയത്ത് നിന്ന് കോഴിക്കോട് കസബ സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മുന്‍പ് കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കളവുക്കേസിലും, കവര്‍ച്ചാക്കേസിലും ഉള്‍പ്പട്ടിട്ടുണ്ട്. മൂലങ്കാവ് ഗ്ലോബല്‍ ഗ്രാനൈറ്റ് ഇന്‍ഫ്രാ എന്ന സ്ഥാപനത്തിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കെ.എല്‍ 73 ഇ 0316 നമ്പര്‍ സ്‌കൂട്ടറാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് വൈകീട്ടോടെ മോഷണം പോയത്.

വണ്ടി മോഷണം പോയതിന് പിന്നാലെ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിയ ബത്തേരി പോലീസ് വാഹനം കോഴിക്കോട് ജില്ലയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് എസ്.ഐ ജെസ്വിന്‍ ജോയ്യുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വാഹനം ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത് നിതിന്‍ ആണെന്ന് മനസിലാക്കി. എന്നാല്‍, വീടുമായോ വീട്ടുകാരുമായോ ബന്ധമില്ലാതെ അലഞ്ഞു തിരിയുന്ന നിതിനെ കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ല.

അന്വേഷണം തുടരുന്നതിനിടെ വാഹനം പാളയം ബസ് സ്റ്റാന്‍ഡിന് മുന്‍വശം നിര്‍ത്തിയിട്ടിരുന്നതായ വിവരം ലഭിച്ച എസ്.ഐ ജെസ്വിന്‍ ജോയ് കസബ സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് വിവരം കൈമാറുകയും പാളയം പരിസരത്ത് നിന്ന് നിതിനെയും,  വാഹനത്തെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നിര്‍ദേശപ്രകാരം എസ്ഐ അബ്ദു, സന്തോഷ് മോന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്.

Previous Post Next Post